ആലപ്പുഴ: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ആലപ്പുഴ തുമ്പോളിയിൽ രണ്ടുപേരെ കുത്തിക്കൊന്നു. സുഹൃത്തുക്കളായ വികാസ് വി.കെ, ജസ്റ്റിൻ സോനു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.45ന് തുമ്പോളി പള്ളി സെമിത്തേരിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
തുമ്പോളി സാബു വധക്കേസിലെ പ്രതികളായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സാബുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആറംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന ഇരുവരെയും പൊലീസ് എത്തിയ ശേഷമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വികാസ് 11.45ഓടെയും സോനു രാവിലെ 6.30ഓടെയും മരിച്ചു. ഇവരുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.