ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്‌ടപ്പെട്ട ഖാദി തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ധർണ. ഖാദി വർക്കേഴ്‌സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്‌തു. ഖാദി മേഖലയുടെ നവീകരണത്തിനും തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ ഖാദി കമ്മിഷൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ഈ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.
തൊഴിൽ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ പ്രതിമാസം 7,500 രൂപ വീതം ധനസഹായം അനുവദിക്കുക, തൊഴിലാളിക്ക് മുടങ്ങാതെ തൊഴിൽ ലഭിക്കുമെന്ന് ഉറപ്പുവരുത്തുക, കൂലിയും മറ്റാനുകൂല്യങ്ങളും യഥാസമയം കുടിശികയില്ലാതെ വിതരണം ചെയ്യുക, ഖാദി ഉൽപന്നങ്ങളുടെ കമ്പോള - വിപണന സാധ്യത വിപുലപ്പെടുത്താൻ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുക, കൊവിഡ് കാലത്തേക്ക് പ്രത്യേക റിബേറ്റ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ ധർണ സംഘടിപ്പിച്ചത്. ഖാദി വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതാവ് ടി.ടി ശിവദാസൻ അധ്യക്ഷത വഹിച്ചു.