ആലപ്പുഴ: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആലപ്പുഴയിലെ കർഷകർക്ക് മൃഗ സംരക്ഷണ വകുപ്പിന്‍റെ കൈത്താങ്ങ്. വിവിധ പദ്ധതികളിലൂടെ 18794 കർഷകർക്ക് ആറ് കോടിയുടെ ധനസഹായമാണ് ജില്ലയില്‍ നല്‍കിയത്. പ്രളയത്തിൽ ഒഴുകിപ്പോയതും ജീവനാശം വന്നതുമായ 559 പശുക്കൾ, 1005 കിടാക്കൾ, 4481 ആടുകൾ, 210880 കോഴികൾ, 152242 താറാവുകൾ, 955 തൊഴുത്തുകൾ എന്നിവക്കാണ് നഷ്ടപരിഹാരം നൽകിയത്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാട് മണ്ഡലത്തിൽ 2.35 കോടി രൂപയും ചെങ്ങന്നൂർ മണ്ഡലത്തിൽ1.74 കോടി രൂപയും ധനസഹായമായി നൽകി.
സർക്കാർ പലിശ തിരിച്ചടവിന് പ്രഖ്യാപിച്ച മോറട്ടോറിയത്തിന് പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്കാണ് മുൻഗണന. മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് എടുത്തിട്ടുള്ള വായ്പയുടെ തിരിച്ചടവ് തുകയിൽ നിന്നും 5000 രൂപ വരെ ഇളവ് ലഭിക്കുന്ന വിധത്തിലും ധന സഹായം നൽകി. ഇതിനായി 36 പഞ്ചായത്തുകളിലായി 1250000 രൂപ വിതരണം ചെയ്തു. 27 ലക്ഷം രൂപ മുടക്കി 124400 കിലോഗ്രാം കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. 51 പഞ്ചായത്തുകളില്‍ 1120 ലക്ഷം രൂപ ചെലവഴിച്ച് കന്നുകാലികളുടെ പാലുല്‍പ്പാദന ക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ മരുന്നുകളും ധാതുലവണ മിശ്രിതവും നൽകി. ഗ്രാമീണമേഖലയിലെ ആടുവളർത്തൽ പദ്ധതി പ്രകാരം ജില്ലയിലെ120 കർഷകർക്ക് ആടിനെ വാങ്ങി വളർത്തുന്നതിലേക്കായി 6712200 രൂപ ചെലവഴിച്ചു. ഉജ്ജീവന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും വകുപ്പ് വഴി വിതരണം ചെയ്തു.
മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ശാസ്ത്രീയ അവബോധം നൽകുന്നതിന് പരിശീലനം നൽകുന്നുണ്ട്. മാവേലിക്കര ചേർത്തല എന്നീ മേഖലാ കേന്ദ്രങ്ങളിൽ സംരംഭകത്വ വികസന സെമിനാറുകൾ, ബ്ലോക്ക് താലൂക്ക് തല സെമിനാറുകൾ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖേന വ്യാവസായിക ആടുവളർത്തൽ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു.