ആലപ്പുഴ: രണ്ടുദിവസമായി മഴ പെയ്യാതിരുന്നതോടെ ജില്ലയിലെ ജനങ്ങള്‍ ആശ്വാസത്തില്‍. കുട്ടനാട്ടിലെ ജനവാസമേഖലയിടക്കമുള്ള ജലനിരപ്പ് കുറഞ്ഞ സാഹചര്യമാണുള്ളത്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായ പശ്ചാത്തലത്തില്‍ തോട്ടപ്പള്ളി സ്‌പില്‍വേയിലൂടെയുള്ള നീരൊഴുക്ക് ശക്തമാക്കി. ഇതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
ജില്ലയിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് കോടികളുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ചെറുതനയിൽ മടവീണ് 400 ഏക്കർ നെൽകൃഷിയാണ് നശിച്ചത്. അതേസമയം, ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിവരെ ജില്ലയില്‍ 100 ക്യാമ്പുകളാണ് തുറന്നത്.
ALSO READ: ആലപ്പുഴയിൽ കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക് ; ജില്ലയിൽ അതീവ ജാഗ്രത
2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ജില്ല കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്‌തുക്കളും ഉറപ്പാക്കണമെന്ന് കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചത്.