ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ വടക്കുഭാഗത്തു നിന്ന് ഡ്രെഡ്‌ജ് ചെയ്‌തെടുത്ത ചെളി മണ്ണ് നീക്കം ചെയ്യാൻ തീരുമാനം. മന്ത്രി ജി.സുധാകരന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യുന്ന ചെളി പുറക്കാട് പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്ന ഗ്രൗണ്ടിൽ നിക്ഷേപിക്കും.
തോട്ടപ്പള്ളി സ്‌പിൽവേ മുതൽ പൊഴി വരെയുള്ള ഭാഗം ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യാൻ കരാർ ലഭിച്ച കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് തന്നെയാണ് ചെളി നീക്കാനുമുള്ള ചുമതലയും നല്‍കിയത്. പൊഴിയിൽ നിന്ന് ഡ്രെഡ്‌ജ് ചെയ്‌തെടുക്കുന്ന മണ്ണിൽ ധാതുമണൽ വേർതിരിച്ച് ലഭിക്കുന്ന ബാക്കി മണ്ണ് കെ.എം.എം.എല്ലിന്‍റെ യാർഡിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ മണ്ണ് ചെല്ലാനത്ത് ജിയോ ട്യൂബിൽ നിറച്ച് കടൽഭിത്തി നിർമാണത്തിന് ഉപയോഗിക്കാനായി നല്‍കാനും യോഗത്തിൽ തീരുമാനമായി.
പൊഴിമുഖത്തിന്‍റെ വിസ്‌തൃതി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. ഈ തടി നീക്കം ചെയ്യാൻ സോഷ്യൽ ഫോറസ്‌ട്രി, ഐ.ആർ.ഇ.എൽ, ഇറിഗേഷൻ വകുപ്പുകളെ ഏൽപ്പിച്ചതായി യോഗത്തില്‍ അറിയിച്ചു. തോട്ടപ്പള്ളി സ്‌പിൽവേ മുതൽ വീയപുരം വരെയുള്ള 11 കിലോമീറ്റർ ഭാഗവും പൊഴി വരെയുമുള്ള ഭാഗം ആഴം കൂട്ടുന്നതിലൂടെ കുട്ടനാട്ടിലെ പ്രളയത്തിന്‍റെ തോത് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.