ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ല സമ്മേളനത്തിൽ മുൻ മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സമ്മേളന പ്രതിനിധികൾ. മാടമ്പി സ്റ്റൈലാണ് സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നാണ് പ്രധാന വിമർശനം. അമ്പലപ്പുഴയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും സുധാകരനെതിരെ രൂക്ഷവിമർശനമാണ് അമ്പലപ്പുഴയിലെ പ്രതിനിധികൾ ഉന്നയിച്ചത്.
ജി സുധാകരന് അധികാരമോഹമാണെന്ന വിമർശനവും ഉയർന്നു. ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ കെ രാഘവനെ സുധാകരൻ സംരക്ഷിക്കുന്നു. ചാരുംമൂട്ടിൽ വിഭാഗീയതയ്ക്ക് പന്തംപിടിക്കുന്നു തുടങ്ങിയ വിമർശനങ്ങളും ഉയർന്നു.
അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, ചാരുമൂട് തുടങ്ങിയ ഏരിയകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവരാണ് സുധാകനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മാവേലിക്കരയിൽ നിന്നുള്ള പ്രതിനിധിയും രൂക്ഷമായ ഭാഷയിൽ സുധാകരനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് ഉപരി കമ്മിറ്റി അംഗം എന്ന നിലയിൽ സമ്മേളനത്തിൽ പങ്കെടുക്കുന്ന പിണറായി വിജയൻ ഇടപെട്ടത്.
'ഇത് ജില്ലയിൽ തന്നെ ഒരിക്കൽ പറഞ്ഞു തീർത്തതായിരുന്നല്ലോ, വീണ്ടും അതും പൊക്കി പിടിച്ച് സമ്മേളനത്തിന് എത്തിയിരിക്കുകയാണോ.?" എന്നായിരുന്നു പിണറായിയുടെ ചോദ്യം. ഇതോടെയാണ് തുടർന്നുള്ള കമ്മിറ്റികളുടെ ചർച്ചയിൽ സുധാകരനെതിരെയുള്ള വിമർശനങ്ങൾ മയപ്പെട്ടത്.
പൊതുചർച്ച ഇന്ന് ഉച്ചവരെ (16.02.2022) തുടരും. ഉച്ചയ്ക്ക് ശേഷമാവും പ്രതിനിധികളുടെ ചർച്ചയ്ക്കുള്ള ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന - കേന്ദ്ര കമ്മിറ്റികളെയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഉപരികമ്മിറ്റി അംഗങ്ങളുടെയും മറുപടി.
ALSO READ: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: അസം മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു