ആലപ്പുഴ: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ, മന്ത്രി ജി. സുധാകരനെതിരെ എസ്.എഫ്.ഐ മുൻ നേതാവും, മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ ഭാര്യ കൂടിയായ യുവതി നൽകിയ പരാതിയിൽ അനുനയത്തിന് സി.പി.എം ജില്ല നേതൃത്വം. മന്ത്രിക്കെതിരായ പരാതി മാധ്യമങ്ങളിൽ വാർത്തയാവുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്ത പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് അനുനയ ചർച്ചയ്‌ക്കുള്ള നീക്കവുമായി ജില്ല നേതൃത്വം മുന്നോട്ടുവന്നത്.
കൂടുതൽ വായനക്ക്: ജി സുധാകരനെതിരായ പരാതി : പൊലീസ് യുവതിയുടെ മൊഴിയെടുത്തു
പരാതി പാർട്ടിക്കും സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിക്ക് കർശന നിർദേശം നൽകി. സംസ്ഥാന കമ്മിറ്റി നിർദേശം നടപ്പാക്കാൻ ജില്ല സെക്രട്ടറി നേരിട്ട് സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കൂടുതൽ വായനക്ക്: ജി സുധാകരനെതിരായ പരാതി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി
യോഗത്തിൽ അമ്പലപ്പുഴ ഏരിയ സെക്രട്ടറിയും ഏരിയ കമ്മിറ്റിയിലെ ലോക്കൽ കമ്മിറ്റി ചുമതലക്കാരും പുറക്കാട് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. എന്നാൽ കേസില്‍ ഉറച്ചുനിൽക്കുകയാണെന്നാണ് പരാതിക്കാരിയുടെ നിലപാട്. അതേസമയം മന്ത്രി ജി.സുധാകരനെതിരായ പരാതിയിൽ അമ്പലപ്പുഴ പൊലീസ് നിയോപദേശം തേടി. ഇതുവരെ പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല.