ആലപ്പുഴ: നഗരസഭാ അധ്യക്ഷ സ്ഥാനം സംബന്ധിച്ച തർക്കത്തെ തുടർന്ന് നഗരത്തിൽ പരസ്യ പ്രകടനം നടത്തിയവർക്കെതിരെയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് എത്തിക്കേണ്ട സാഹചര്യമില്ലായിരുന്നു. പലരുടെയും പേരുകൾ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. എന്നാൽ, ഇതെല്ലാം പരിശോധിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തിൽ ഇതിൽ വിശദമായി അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആർ നാസർ വ്യക്തമാക്കി.
പാർട്ടി അച്ചടക്കലംഘനം നടത്തിയവർക്കെതിരെ ഉചിതമായ സംഘടനാ നടപടിയെടുക്കും. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഘടനാ നടപടികൾ സ്വീകരിക്കുകയെന്നത് പാർട്ടിയുടെ ഭരണഘടനാപരമായ കാര്യമാണ്. അതിനാൽ, പ്രകടനത്തിന് നേതൃത്വം നൽകിയവര്‍ കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാൽ പാർട്ടി നടപടിയെടുക്കും. ഇതിനായി മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പടെ 14 പാർട്ടി അംഗങ്ങൾക്ക് വിശദീകരണം നൽകാൻ കത്ത് നൽകിയിട്ടുണ്ട്. അവരുടെ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും നടപടി കൈക്കൊള്ളുക.
താഴെക്കിടയിലുള്ള പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രകടനത്തിനിറക്കിയതെന്നും ഇത് പാർട്ടിക്ക് ബോധ്യമുള്ളത് കൊണ്ട് അന്വേഷണ കമ്മിഷനെ നിയോഗിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ അധ്യക്ഷ സൗമ്യാ രാജിനും മുതിർന്ന അംഗം കെ.കെ ജയമ്മയ്ക്കുമായി അധ്യക്ഷ സ്ഥാനം രണ്ടര വർഷക്കാലം വീതം പങ്കിട്ടുനൽകും. ഇക്കാര്യം സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വന്നതിന് ശേഷമാണ് അന്തിമതീരുമാനം പ്രഖ്യാപിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി സൂചിപ്പിച്ചു.