ആലപ്പുഴ : വിഭാഗീയതയ്ക്ക് പേരുകേട്ട ആലപ്പുഴയിൽ സിപിഎമ്മിന്‍റെ എട്ട് ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവച്ചു. അരൂർ എംഎൽഎ ദലീമ ജോജോ ഉൾപ്പെടുന്ന ബ്രാഞ്ചിന്‍റെയടക്കം സമ്മേളനങ്ങളാണ് സിപിഎം അരൂർ ഏരിയ കമ്മിറ്റി ഇടപെട്ട് മാറ്റിയത്.
പാർട്ടി മുഖപത്രമായ ദേശാഭിമാനിക്കുവേണ്ടി വരിക്കാരെ ചേർക്കുന്നതിൽ വീഴ്‌ച വന്നതിനെ തുടർന്നാണ് നടപടി. പ്രവർത്തനങ്ങളിലെ അപാകതകളും വീഴ്ചകളും പരിഹരിച്ച ശേഷം മാത്രം സമ്മേളനങ്ങൾ നടത്തിയാൽ മതിയെന്നാണ് ഏരിയ കമ്മിറ്റിയുടെ തീരുമാനം.
ഉപരികമ്മിറ്റിയുടെ തീരുമാനം ഇതിനോടകം ലോക്കൽ കമ്മിറ്റികളെ അറിയിച്ചുകഴിഞ്ഞു. ചൊവ്വാഴ്‌ച മുതൽ മൂന്ന് ദിവസം പാർട്ടി പത്രത്തിലേക്ക് വരിസംഖ്യ കൂട്ടാൻ ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദേശം നൽകി.
Also Read: ഓൺലൈൻ റമ്മി കളിക്കാം ; സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
ജനപ്രതിനിധികളും പാർട്ടി നേതാക്കളും പത്രത്തിലേക്ക് വരിക്കാരെ ചേർക്കാൻ സജീവമായി രംഗത്തിറങ്ങണമെന്നാണ് നിർദേശം.
സെപ്റ്റംബർ 15നാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. ഇക്കുറി പാർട്ടി പത്രത്തിന്‍റെ വരിസംഖ്യ അടപ്പിക്കുന്നതിലടക്കം കർശന നിർദേശങ്ങളാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുള്ളത്.
ബ്രാഞ്ച് കമ്മിറ്റികൾ പിടിച്ചടക്കാന്‍ വേണ്ടിയാണ് സമ്മേളനങ്ങൾ താൽക്കാലികമായി മാറ്റിവച്ചതെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.