ആലപ്പുഴ : മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ മുസ്ലിം ലീഗ് - സിപിഎം സംഘർഷത്തിൽ നഗരത്തിൽ വ്യാപക ആക്രമം. നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ ഇരുവിഭാഗവും കൊടി തോരണങ്ങളും കൊടിമരങ്ങളും തകർത്തു. ഡിവൈഎഫ്ഐ നേതാവ് ശ്വേത എസ് കുമാറിന് നേരെയുണ്ടായ ലീഗ് ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇതിനിടയിൽ പ്രകോപിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ മുസ്ലിം ലീഗിന്‍റെ കൊടിയും പ്രചാരണ ബോർഡുകളും തകർത്തു. ഇതേത്തുടർന്നാണ് പലയിടത്തും ഡിവൈഎഫ്ഐയുടെ പ്രചാരണ ബോർഡുകൾക്ക് നേരെ ആക്രമണമുണ്ടായത്. രാത്രി ഏറെ വൈകിയും ആലപ്പുഴ നഗരത്തിൽ സംഘർഷാവസ്ഥയായിരുന്നു.
അക്രമവും അനിഷ്‌ട സംഭവങ്ങളും ഒഴിവാക്കണമെന്ന് ഇരുവിഭാഗം നേതാക്കളോടും ജില്ല പൊലീസ് മേധാവി അഭ്യർഥിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ പട്രോളിങ്ങും നിരീക്ഷണവും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.