ആലപ്പുഴ : ഗവർണർക്കെതിരെ സിപിഐ ആലപ്പുഴ ജില്ല സമ്മേളനത്തിൽ പ്രമേയം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സർക്കാരിനെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് ഇതില്‍ ആരോപിക്കുന്നു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടി ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത്.
സിപിഐ കായംകുളം മണ്ഡലം സെക്രട്ടറിയും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ എ അജികുമാറാണ് ജില്ല സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന ഭരണത്തിന് മേൽനോട്ടം വഹിക്കേണ്ട ഗവർണർ സർക്കാരിനെ ഭരണപ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഭരണഘടനാപദവി വഹിക്കുന്ന ഗവർണർ സർക്കാരിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറണം. ബിജെപിയുടെ രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പ്രമേയം, സമ്മേളനം ഐകകണ്‌ഠേനയാണ് പാസാക്കിയത്. ഇതോടെ സിപിഐ ആലപ്പുഴ ജില്ല സമ്മേളനം പ്രമേയങ്ങളുടെ രാഷ്ട്രീയ പ്രസക്തികൊണ്ട് ശ്രദ്ധ നേടുകയാണ്. കരിമണൽ ഖനനത്തിനതിരെയും കരിമണൽ ഖനന വിഷയത്തിൽ സിപിഎം നിലപാടുകൾ തിരുത്തണമെന്നും ഇന്നലെ (ഓഗസ്റ്റ് 23) അവതരിപ്പിച്ച പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടിരുന്നു.
ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിൽ സിപിഐ ജില്ല സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഏറെ രാഷ്ട്രീയ പ്രസക്തിയാണുള്ളത്.