ആലപ്പുഴ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും പ്രവേശനം ഏഴ് മണി വരെ മാത്രം. കലക്‌ടര്‍ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. വിവാഹം, പൊതുചടങ്ങുകൾ എന്നിവയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം സമയം രണ്ട് മണിക്കൂറായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിവാഹം, പൊതുചടങ്ങുകൾ, വാർഷിക പരിപാടികൾ, രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹത്തില്‍ ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന പരിപാടികളില്‍ ഉടമസ്ഥരും, പള്ളി പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയില്‍ സംഘാടകരും കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കടകളിലും മറ്റും നിൽക്കുന്ന ജീവനക്കാർ ഒരാഴ്‌ചയ്ക്കുള്ളിൽ ആർടി പിസിആർ ടെസ്റ്റിന് വിധേയമാകണം.
നൂറിലധികം പേരെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കണമെങ്കിൽ അവർ രണ്ടാം ഘട്ട വാക്‌സിനേഷൻ എടുത്തവരും ആർടി പിസിആർ ടെസ്റ്റ് ചെയ്‌ത് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണമെന്ന നിബന്ധനയും മുന്നോട്ടുവച്ചിട്ടുണ്ട്. കെഎസ്ആർടിസി പ്രൈവറ്റ് ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജിലും മറ്റ് സർക്കാർ ആശുപത്രികളിലും രോഗികളെ സന്ദർശിക്കാനാനെത്തുന്നവർ വാക്‌സിനേഷൻ സ്വീകരിച്ചവരോ ആർടിപിസിആർ ടെസ്റ്റ് നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധനവയ്ക്കാൻ ജില്ല കലക്‌ടർ നിർദേശിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, പൊലീസ് മേധാവി ജയദേവ്, മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരി തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.