ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ എടത്വയില്‍ നടക്കുന്ന രണ്ടാം ദിന സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ഭക്ഷ്യ സിവിൽ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍, ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍, മറ്റ് വകുപ്പ് ജില്ലാ മേധാവികൾ എന്നിവരുടെ കൺമുന്നിലാണ് ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.
സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് അദാലത്തിൽ പങ്കെടുക്കാൻ എത്തിയത്. സമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് ഒന്നിച്ച് കൂടിയത്. അദാലത്ത് നടക്കുന്ന ഹാളിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു. ആവശ്യമായ സാനിറ്റൈസറും ഹാൻഡ് വാഷും ലഭ്യമാക്കിയിട്ടില്ലെന്ന പരാതിയും ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നിട്ടുണ്ട്.
അദാലത്തിന് എത്തിയവരുടെ വിവരശേഖരണം നടത്തുന്ന ഉദ്യോഗസ്ഥരും ആവശ്യമായ സാമൂഹ്യ അകലം പാലിക്കാതെയും അലക്ഷ്യമായ രീതിയിലുമാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. അദാലത്തിനെത്തിയവർക്ക് വേണ്ടി ഇരിപ്പിടങ്ങള്‍ പരമാവധി പുറത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും അവ അപര്യാപ്തമായിരുന്നു . പരാതി സ്വീകരിക്കുന്നതിനായി സജ്ജമാക്കിയ കൗണ്ടറുകളുടെ എണ്ണവും കുറവായിരുന്നു.