ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിതയായ നഴ്സിനെ ഇറക്കിവിട്ടതായി പരാതി. ഹരിപ്പാട് ഹുഭാ ട്രസ്റ്റ് ആശുപത്രിയിലാണ് സംഭവം. നിലവിൽ ട്രെയിനി നഴ്‌സായി ജോലി നോക്കുന്ന കരുവാറ്റ സ്വദേശി അഞ്ജലിയെയാണ് കൊവിഡ് രോഗബാധയെത്തുടർന്ന് ആശുപത്രിക്ക് പുറത്ത് നിർത്തിയത്.
ഒരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാരെത്തിയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയത്. ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായതെങ്കിലും കൊവിഡ് പരിശോധനക്കുള്ള പണം നൽകാതെ പോകരുതെന്ന് ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചതായും നഴ്‌സ് പറഞ്ഞു. കൊവിഡ് രോഗികളെ പരിചരിക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ പ്രതിരോധ ഉപകരണങ്ങളോ ജീവനക്കാർക്ക് ആശുപത്രി അധികൃതർ ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്.
also read: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്‍റെ ആദ്യ ബാച്ച് പുറത്തിറക്കി
താൻ ഉൾപ്പടെയുള്ള പലരുടെയും അവസ്ഥ ഇതിലും ഭീകരമാണ്. കടുത്ത ചൂഷണമാണ് ആശുപത്രിയിൽ നടക്കുന്നതെന്നും എന്നാൽ ആശുപത്രി അധികൃതരുടെ ഭീഷണി ഭയന്ന് ആരും പുറത്തുപറയാൻ തയ്യാറാവാത്തതാണെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി.