ആലപ്പുഴ: കൊവിഡ് ബാധിച്ച വയോധികന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പ്ലാസ്‌മാ തെറാപ്പിയിലൂടെ രോഗ മുക്തി. ജില്ലയില്‍ ആദ്യമായാണ് പ്ലാസ്‌മാ തെറാപ്പി വഴി രോഗമുക്തിയുണ്ടാകുന്നത്. 70 വയസുള്ള കുട്ടനാട് സ്വദേശിക്കാണ് പ്ലാസ്‌മാ തെറാപ്പി ഫലിച്ചത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ച ഇദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് സാന്ത്വന ചികിത്സ തുടരുമ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഒരു മാസമായി മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ ചികിൽസയിലായിരുന്നു. ഇയാളുടെ ഭാര്യയും കൊവിഡ് മുക്തയായി. ദമ്പതികളെ കൊവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കി. ജില്ലയിൽ ആദ്യമായാണ് പ്ലാസ്‌മാ തെറാപ്പി ഫലം കണ്ടതെന്ന് ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ ഇടിവി ഭാരതിനോട് പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിതർക്കും ഒരുപോലെ ആത്മവിശ്വാസം പകരുമെന്നും പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നതായും കലക്‌ടർ പറഞ്ഞു.
ആംബുലൻസ് ഡ്രൈവർ മാത്യുവും ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥൻ രാജേഷും ചേര്‍ന്ന സംഘം അനുയോജ്യമായ പ്ലാസ്‌മ കഴിഞ്ഞ ദിവസം ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും എത്തിക്കുകയായിരുന്നു. അര്‍ബുദത്തിന് പുറമെ അമിത രക്തസമ്മർദം, ഹൃദ്രോഗം, ന്യൂമോണിയ, എആർഡിഎസ് എന്നിവയും രോഗിയെ അലട്ടിയിരുന്നു. ഡോ. അബ്‌ദുൽ സലാമിന്‍റെ നേതൃത്വത്തിലാണ് പ്ളാസ്‌മ ലഭിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഏറെ ആത്മവിശ്വാസം പകരുന്നതായും കൂടുതൽ പേരെ ഇത്തരത്തിൽ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചികിത്സ്യ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളജിലെ ഡോക്‌ടർമാർ പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കേരളത്തില്‍ ആദ്യമായി പ്ലാസ്‌മാ തെറാപ്പി വിജയകരമായി നടപ്പാക്കിയത്. കഴിഞ്ഞ മാസം നടന്ന ചികിത്സയിലൂടെ പാലക്കാട് ഒതളൂര്‍ സ്വദേശിയാണ് കൊവിഡ് മുക്തനായി ആശുപത്രി വിട്ടത്.