ആലപ്പുഴ: കൊവിഡ് നിയന്ത്രണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി ആലപ്പുഴയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ജി സുധാകരന്‍റെ അധ്യക്ഷനായി. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്ക്, പി.തിലോത്തമൻ, ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവർ പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും കൊവിഡ് നിയന്ത്രണത്തില്‍ ജില്ലയിലും സംസ്ഥാനത്തും മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ജില്ലയിൽ 181 കൊവിഡ് കെയര്‍ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ഒമ്പതിനായിരത്തോളം ആളുകള്‍ ജില്ലയിൽ എത്തിയിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടനാട്ടിലെ നെല്ല് കൊയ്ത്ത് ഇത്തവണ നല്ല രീതിയില്‍ തന്നെ നടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉണ്ടായിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിവേഴ്സ് ക്വാറന്‍റൈന്‍ ശക്തമാക്കുന്നതില്‍ രാഷ്ട്രീയ പാർട്ടികളുടെ പൂർണ സഹകരണം വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.