ആലപ്പുഴ: അതിഥി തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വാഗ്‌ദാനം ജില്ല കലക്ടർ നിരസിച്ചു. പത്ത് ലക്ഷത്തി അറുപതിനായിരം രൂപ നല്‍കാൻ തയ്യാറാണെന്നാണ് ഡിസിസി പ്രസിഡന്‍റ് അഡ്വ.ലിജു അറിയിച്ചത്. എന്നാല്‍ ഡിസിസിയുടെ വാഗ്‌ദാനം ജില്ല കലക്ടർ എം.അഞ്ജന നിരസിക്കുകയായിരുന്നു.
കലക്‌ടറുമായി നേരിട്ട് ചർച്ച നടത്തിയിട്ടും വാഗ്‌ദാനം നിഷേധിച്ച കലക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു, അരൂർ എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ദുരിത കാലത്ത് അതിഥി തൊഴിലാളികളുടെ കയ്യിൽ നിന്നും യാത്രാക്കൂലി ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നും പണം വാങ്ങില്ലെന്ന കലക്‌ടറുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ലിജു പറഞ്ഞു.