ആലപ്പുഴ: ലോക് ഡൗൺ പ്രഖ്യാപനത്തിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കരുവാറ്റയില്‍ കള്ളവാറ്റ് വ്യാപകം. വില്‍പനക്കായി ബൈക്കിൽ വ്യാജമദ്യവുമായി പോയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്‌സിക്യൂട്ടിവ് അംഗം മുഹമ്മദ് സനൽ (36), പുതുക്കാട്ടിൽ വീട്ടിൽ ഗിരീഷ് (22) എന്നിവരാണ് ഹരിപ്പാട് എക്സൈസിന്‍റെ പിടിയിലായത്. ഹരിപ്പാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ്.രാജൻ ബാബുവിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
വില്‍പനക്കായി കൊണ്ടുപോയ ഒന്നര ലിറ്റർ വ്യാജമദ്യവും രണ്ട് ബൈക്കുകളും 10,030 രൂപയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും സനലിനെ സസ്‌പെൻഡ് ചെയ്‌തതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എം.ആർ.ഹരികുമാർ അറിയിച്ചു.