ആലപ്പുഴ : കൊലപാതകം നടത്തി അതുവഴി വർഗീയ വിഭജനവും മുതലെടുപ്പും നടത്താനുള്ള ശ്രമങ്ങളാണ് ആലപ്പുഴയിൽ ആർഎസ്എസ് - എസ്‌ഡിപിഐ നേതൃത്വങ്ങൾ നടത്തുന്നതെന്നും ഇതിനെക്കെതിരെ നാട് ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എം ലിജു. ആലപ്പുഴയിൽ കൊല്ലപ്പെട്ട കെ.എസ് ഷാൻ, രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരുടെ കൊലപാതകികളായ ദുഷ്‌ട ശക്തികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണം. ഭരണകൂടവും പൊലീസും ശക്തമായ നടപടികളിലൂടെ ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തണമെന്നും ലിജു ആവശ്യപ്പെട്ടു.
അതേസമയം, വർഗീയ കലാപം സൃഷ്‌ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഗൂഢാലോചനയാണ് ആലപ്പുഴയിൽ 10 മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെന്ന് സിപിഎം ജില്ല സെക്രട്ടറി ആർ.നാസ്സർ. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനിന്‍റെ കൊലപാതകത്തിന് പിന്നിൽ എന്തെങ്കിലും പ്രകോപനമുള്ളതായി അറിയില്ല. ബിജെപിയുടെ രാഷ്‌ട്രീയ പാപ്പരത്തം തിരിച്ചറിഞ്ഞ ജനം പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോകുന്നത് തിരിച്ചറിഞ്ഞ് വർഗീയ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തുകയാണെന്നും ആർ.നാസ്സർ പറഞ്ഞു.
Also Read: തീവ്രവാദികളുടെ ഗൂഢാലോചനയെന്ന് ബിജെപി, വർഗീയ കലാപ ശ്രമമെന്ന് ഡിവൈഎഫ്ഐ
ബിജെപി നേതാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ എസ്‌ഡിപിഐ നേതാക്കളുടെ പ്രതികരണം ജുഗുപ്‌സാവഹമാണ്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് രണ്ട് കൊലപാതകങ്ങളും. കൊലപാതകത്തിന് ശേഷം സർക്കാറിന്‍റേത് വർഗീയ പ്രീണന നയമാണന്നും ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണെന്നും പ്രസ്താവനയിറക്കുന്ന കേന്ദ്ര മന്ത്രി മുരളീധരനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു-മുസ്ലിം തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നത് വർഗീയ കലാപമാണ്. എന്നാൽ ആലപ്പുഴയിൽ വർഗീയവാദികൾ വിതച്ച വിത്ത് മുളയ്‌ക്കില്ല. അതിനുള്ള ബോധ്യം ആലപ്പുഴയിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.