ആലപ്പുഴ: ടൂറിസം മേഖലയുടെ സമഗ്രവികസനത്തിനായി 320 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ പ്രഖ്യാപനങ്ങൾ പലതും ഉണ്ടായിട്ടും അവ ആവശ്യമായ രൂപത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ള ആശങ്ക പങ്കുവെക്കുകയാണ് വിനോദ സഞ്ചാര മേഖലയിലെ ആളുകള്‍. മുൻ ബജറ്റുകളിലും വിനോദസഞ്ചാര മേഖലക്ക് അനുവദിച്ച തുക പ്രായോഗികമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം നടപ്പാക്കിയ ചാമ്പ്യൻസ് ബോട്ട് ലീഗ് വൻ വിജയമായിരുന്നു എന്ന് പറയുമ്പോഴും സമഗ്രമായ വികസനത്തിനും ശാശ്വതമായ മാറ്റത്തിനും ഇത് വഴിവെക്കില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
പ്രളയം, നിപ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങി ടൂറിസം മേഖലയുടെ കുതിപ്പിന് തടയിടുന്ന നിരവധി സംഭവങ്ങൾ അടുത്തിടെയുണ്ടായി. ഇവയിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ കരകയറ്റാന്‍ ആവശ്യമായ പദ്ധതികൾ ഒന്നും തന്നെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ലെന്നത് നിരാശാജനകമാണെന്നും ഇവർ പറയുന്നു. 2019ൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.5 ശതമാനത്തിന്റെയും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 8.24 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട് എന്നാണ് ധനമന്ത്രി തന്നെ ബജറ്റ് പ്രഖ്യാപനത്തിൽ നിയമസഭയെ അറിയിച്ചത്. കുട്ടനാട് ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ തിരിച്ചുവരവിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിനോദസഞ്ചാര മേഖലയിൽ അനുവർത്തിച്ചില്ലെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരും ചൂണ്ടിക്കാട്ടുന്നു.