ആലപ്പുഴ: ശബരിമലയിൽ പോകുന്നവരില്‍ കൂടുതൽ കമ്മ്യൂണിസ്റ്റുകാരാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അരൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. ശബരിമലയിൽ പോകുന്നവരൊക്കെ കോൺഗ്രസുകാരും ബി.ജെ.പിക്കാരുമാണെന്ന ചിലരുടെ ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പോകുന്നവരുടെ സർവേ എടുത്താൽ ഒന്നാമത് നിൽക്കുക കമ്മ്യൂണിസ്റ്റുകാരായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു.
കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസത്തിന് എതിരാണെന്ന തരത്തിൽ വ്യാപക പ്രചരണം നടക്കുന്നു. ഇതുമൂലം ഒട്ടേറെപ്പേരെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്താന്‍ ആളുകൾക്ക് സാധിച്ചു. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ശബരിമലയിൽ പോയിട്ടുണ്ടെന്നും അന്ന് മലയിറങ്ങുന്ന വിശ്വാസികൾ തന്നെ കണ്ടു ലാൽ സലാം പറഞ്ഞുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.