ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടന്ന ജില്ലയിൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത് കലക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂമായിരുന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍റർ മുറിയിൽ പ്രവർത്തിച്ച കേന്ദ്രീകൃത ജില്ലാ കൺട്രോൾ റൂമ്മിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് നടപടികളും അനുബന്ധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 72 ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളിലായി ആകെ 2271 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ഇവിടങ്ങളിലെയെല്ലാം പ്രവർത്തനവും സജ്ജീകരണങ്ങളും നിയന്ത്രിച്ചിരുന്നതും ഇതേ 'വാർ റൂമിൽ' നിന്നായിരുന്നു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എ അലക്‌സാണ്ടറുടെ നേതൃത്വത്തിലായിരുന്നു ഈ സംവിധാനം പ്രവർത്തിച്ചത്. ജില്ലയിലെ എട്ടോളം ബൂത്തുകളിൽ യന്ത്രതകരാറ് മൂലം വോട്ടെടുപ്പ് ഭാഗീയമായി തടസ്സപ്പെട്ടപ്പോഴും മറ്റും ഉടനടി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതും തകരാർ പരിഹരിക്കാനാവശ്യമായ സാങ്കേതിക സഹായം നൽകുന്ന ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചതും ഇതേ ഇടം തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ സംബന്ധിച്ച സഹായങ്ങൾക്കും അത് നടപ്പാക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർക്കുണ്ടാവുന്ന സംശയനിവാരണത്തിനും കൺട്രോൾ റൂമിൽ സൗകര്യമൊരുക്കിയിരുന്നു. ഇതിന് പുറമെ ജില്ലയിൽ കൊവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ടുചെയ്യാൻ ആവശ്യമായ സഹായവും ഇവിടെ നിന്നാണ് ലഭ്യമാക്കിയിരുന്നത്. ഇതുസംബന്ധിച്ച ആരോഗ്യ വകുപ്പിനും ബന്ധപ്പെട്ട വകുപ്പുകൾക്കും യഥാസമയം ഇവിടെ നിന്ന് നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. പോളിങ് ശതമാനം ഓരോ 10 മിനിട്ടിലും ഇവിടെ നിന്നാണ് ശേഖരിച്ച് വിവിധ ഡിപ്പാർട്‌മെന്‍റുകളിലേക്കും പൊതുജനങ്ങൾക്കുമായി അറിയിച്ചുകൊണ്ടിരുന്നത്. വോട്ടെടുപ്പ് സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയായിരുന്നു എങ്കിലും രാത്രി ഏറെ വൈകിയും ഈ വാർ റൂമിന്‍റെ പ്രവർത്തനം സജീവമായി തന്നെ നടക്കുന്നുണ്ട്.