ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ സാക്ഷിയായി എൻഐഎ വിളിപ്പിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. നഗരത്തിൽ പ്രകടനവുമായെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു.
ഇത് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ പ്രകോപനവുമായി കെഎസ്‌യു പ്രവർത്തകർ പൊലീസിനുനേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ലാത്തി വീശി. തുടർന്ന് ഏറെ നേരം പൊലീസും കെഎസ്‌യു പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ചിലും പൊലിസിനെതിരെ അക്രമത്തിന് പ്രതിഷേധക്കാർ മുതിർന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടാണ് ആലപ്പുഴയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തിയത്. സമരത്തിന് ശേഷം പിരിഞ്ഞു പോയവർ ദേശീയപാത ഉപരോധിച്ചു. ഇത് നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമായി.