ആലപ്പുഴ: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക - കൊടിമര - ദീപശിഖ ജാഥകൾ സമ്മേളന നഗരിയായ ആലപ്പുഴയിലെത്തി. ഇഎംഎസ് സ്റ്റേഡിയത്തിൽ ഉയർത്താനുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ എത്തിച്ചു. ആലപ്പുഴ ബീച്ചിലേക്കുള്ള കൊടിമരം പുളിങ്കുന്ന് എം.എൻ വിജയൻ നായരുടെ ബലികുടീരത്തിൽ നിന്നും സിഐടിയു നേതാവ് എച്ച് സലാമിന്റെ നേതൃത്വത്തിൽ എത്തിച്ചശേഷം സമ്മേളന നഗരിയിൽ പ്രവർത്തകരെല്ലാം ചേർന്നാണ് നാട്ടിയത്. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചെങ്ങന്നൂർ വെൺമണി ചാത്തൻ മണ്ഡപത്തിൽ നിന്നും സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാറിന്റെ നേതൃത്വത്തിൽ ജാഥയായി എത്തിച്ചു. സ്വാഗതസംഘം ചെയർമാനും സിപിഎം ജില്ലാ സെക്രട്ടറിയുമായ ആർ. നാസർ പതാകയുയർത്തി.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖ, വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മയുടെ നേതൃത്വത്തിൽ ജാഥയായി എത്തിച്ചു. സിഐടിയു സംസ്ഥാന നേതാക്കളായ എളമരം കരീം എം.പി, കെ ചന്ദ്രൻപിള്ള, മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ, കയർ മെഷിനറിസ് ആൻഡ് മാനുഫാക്ചറിങ് കമ്പനി ചെയർമാൻ കെ. പ്രസാദ്, പ്രതിഭാഹരി എംഎൽഎ, മുൻ എം.പി സി.എസ് സുജാത തുടങ്ങിയ നിരവധി സിഐടിയു - സിപിഎം നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. പൊതുസമ്മേളനം ഈ മാസം 19ന് ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.