ആലപ്പുഴ: സ്വയംപര്യാപ്ത ക്ഷീര കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ക്ഷീര ഗ്രാമം പദ്ധതിയിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷീര -മൃഗപരിപാലന മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചേർത്തല തെക്ക്, വള്ളിക്കുന്നം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചേർത്തല തെക്ക് പഞ്ചായത്ത് ക്ഷീര ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലും ഫലപ്രദമായി കൊണ്ടു പോകാൻ സാധിക്കുന്ന പ്രധാന തൊഴിൽ മേഖലയായി ക്ഷീരമേഖലയെ മാറ്റിയെടുക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ അധ്യക്ഷനായി.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. അനുപമ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭ മധു, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു ആന്‍റണി, ചേർത്തല തെക്ക് പഞ്ചായത്ത് അംഗം ബി. സലിം, തിരുവിഴ ബീച്ച് ക്ഷീരസംഘം പ്രസിഡന്‍റ് വി.വി വിശ്വൻ, ചേർത്തല തെക്ക് ക്ഷീര സംഘം സെക്രട്ടറി കെ. മോഹനൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ തോമസ്, ചേർത്തല തെക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. അനിൽകുമാർ പങ്കെടുത്തു.
വള്ളികുന്നം പഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആർ രാജേഷ് എം. എൽ. എ നിർവഹിച്ചു. വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തങ്കപ്പൻ, ജില്ല ക്ഷീര വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ യു. അക്ബർ ഷാ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വിജയകുമാർ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി എന്നിവര്‍ പങ്കെടുത്തു.