ആലപ്പുഴ: ചേർത്തല നഗരത്തിലെത്തിയാല്‍ മൂത്രശങ്ക അകറ്റാൻ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ് ഇപ്പോൾ. നേരത്തെ ഉണ്ടായിരുന്ന ടോയ്‌ലറ്റുകൾ പൊളിച്ചുമാറ്റി ഇ- ടോയ്‌ലറ്റുകൾ സ്ഥാപിച്ചപ്പോൾ ചേർത്തല നഗരം അത്യാധുനികതയുടെ ലോകത്തേക്ക് കുതിക്കുകയാണെന്ന് നഗരവാസികൾ വിശ്വസിച്ചു. എന്നാല്‍ ഇ- ടോയ്‌ലറ്റുകൾ ഉപയോഗശൂന്യമായതോടെ നഗരത്തില്‍ മൂത്രമൊഴിക്കാൻ പൊതു സ്ഥലം തേടേണ്ട സ്ഥിതിയായി.
കെ.സി വേണുഗോപാൽ എം.പി ആയിരുന്ന സമയത്ത് അനുവദിച്ച പത്ത് ലക്ഷം രൂപയും, നഗരസഭയുടെ നാല് ലക്ഷവും വിനിയോഗിച്ചാണ് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സ് പരിസരത്തും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പാരഡൈസ് തിയേറ്ററിന് മുൻവശത്തും ഇ-ടോയ്‌ലറ്റ് സംവിധാനം സ്ഥാപിച്ചത്. ഒരു രൂപ നാണയമിട്ട് ഉപയോഗിക്കാവുന്ന നിലയിലാണ് ഇവ സജ്ജമാക്കിയത്.
2012ൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടന്നു. വൈകാതെ ഇ- ടോയ്‌ലറ്റുകൾ പണി മുടക്കി. നാണയം ഇട്ട് അകത്ത് കയറിയവർ പലരും ഉള്ളിൽ കുടുങ്ങി. ഇതോടെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ ജനങ്ങൾക്ക് പേടിയായി. ഇപ്പോൾ ആരും തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണ്.
അറ്റകുറ്റപ്പണിയുടെ ചുമതല ഉണ്ടായിരുന്ന കെൽട്രോൺ തിരിഞ്ഞു നോക്കാതെയായി. നഗരസഭയും കൈമലർത്തി. അതോടെ ബുദ്ധിമുട്ടിലായത് പാവം ജനങ്ങളാണ്. പ്രശ്നം പരിഹരിക്കാൻ കൊണ്ട് വന്ന മോഡുലാർ ടോയ്‌ലറ്റും തികഞ്ഞ പരാജയമാണെന്നാണ് നഗരവാസികൾ പറയുന്നത്.
ALSO READ:ഹൈക്കോടതി ഉത്തരവിട്ടു: കാസർകോട് ജില്ല സമ്മേളനം വെട്ടിചുരുക്കി സി.പി.എം