ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അനുവാദമില്ലെങ്കിലും ശരണമന്ത്രങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്നിപകര്‍ന്നു. ചെണ്ടമേളങ്ങളുടേയും വായ്‌കുരവയുടേയും അകമ്പടിയോടെ ദേവിയെ ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് പണ്ടാരപൊങ്കാല അടുപ്പിന് സമീപം എത്തിച്ചശേഷമാണ് തയ്യാറാക്കിവെച്ചിരുന്ന നാല് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകര്‍ന്നത്.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു. പുലര്‍ച്ചെ നാല് മണിക്ക് മഹാഗണപതി ഹോമത്തോടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിക്ക് വിളിച്ചുചൊല്ലി പ്രാർഥന നടന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പൊങ്കാല ചടങ്ങ് ഉദ്ഘാടനം ചെയ്തു. 11.30ഓടെ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാർമികത്വത്തില്‍ ക്ഷേത്രശ്രീകോവിലില്‍ നിന്ന് ജീവിതകളെ എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിനരുകില്‍ എത്തിച്ചശേഷം പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യ ചടങ്ങുകള്‍ക്ക് ശേഷം ജീവിതകള്‍ തിരികെ ക്ഷേത്രശ്രീകോവിലില്‍ പ്രവേശിച്ചതോടെ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.