ആലപ്പുഴ: ദുരന്ത കാലത്തെ മറയാക്കി കേന്ദ്രസർക്കാർ രാജ്യത്തിന്‍റെ സ്വത്ത് വിറ്റു തുലയ്ക്കുന്നുവെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന തൊഴിലാളിവിരുദ്ധ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ആലപ്പുഴയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തൊഴിൽ മേഖലയെ തകർക്കുന്ന തരത്തിലുള്ള തൊഴിലാളിവിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ജവഹർലാൽ നെഹ്റുവിന്‍റെ കാലത്ത് ആരംഭിച്ച രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നരേന്ദ്രമോദിയുടെ കാലത്ത്, അവയുടെ അന്ത്യം വരുത്തുന്ന അവസ്ഥയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവരുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും തൊഴിൽ സമയം എട്ടു മണിക്കൂർ എന്നതിൽ നിന്ന് 12 മണിക്കൂറായി കൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ റെയിൽവേ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ എ.ഐ.ടി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി നസീർ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ ജി ജയലാൽ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്‍റ് എസ് സജീവൻ, എസ്.എം ഹുസൈൻ, ടി.ആർ ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.