ആലപ്പുഴ : തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത് മൂലം ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. ആലപ്പുഴയിലെ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പലയിടത്തും കടൽക്ഷോഭമാണ് . സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കലക്‌ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശ മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കും.
ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും കടലാക്രമണം രൂക്ഷമായത്. ഇതിന് പുറമെ കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ പ്രദേശങ്ങളിലും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, കരൂർ, തോട്ടപ്പള്ളി, പുന്നപ്ര, വാടയ്ക്കൽ, തുമ്പോളി എന്നിവിടങ്ങളിലും ചേർത്തല താലൂക്കിലെ അർത്തുങ്കൽ, അന്ധകാരനഴി, അരൂർ, ചെത്തി പ്രദേശങ്ങളിലും കടലാക്രമണം തീവ്രമാണ്.
Also Read: കോഴിക്കോട് കടലാക്രമണം രൂക്ഷം
കാറ്റും മഴയും കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിൽ തീരപ്രദേശത്തെ വീടുകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്‌ടർ നിർദേശം നൽകി. കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി സ്‌പിൽവെയിൽ പൊഴിമുറിക്കുന്ന നടപടികൾ പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയും ചെയ്തു.
അതേസമയം കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലയിൽ കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടർ നിർദേശം നൽകി.