ആലപ്പുഴ: പൂച്ചാക്കലില്‍ അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. അസം സ്വദേശിയായ ആനന്ദ് മൂഡോയിയാണ് കാര്‍ ഓടിച്ചിരുന്നത്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിനി സാഗി എറണാകുളം ലിസി ആശുപത്രിയിലും അനഘ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും അര്‍ച്ചന ലൂര്‍ദ്ദ് ആശുപത്രിയിലും ചന്ദന കളമശ്ശേരി മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. ഇവരുടെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. ചന്ദനയുടെ തലക്കും നേരിയ ക്ഷതമുണ്ട്. എന്നാന്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിദ്യാര്‍ഥികളുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ബൈക്ക് യാത്രക്കാരായ അനീഷിനും മകന്‍ വേദവിനും പരിക്ക് നിസാരമാണ്. ഇവര്‍ ആശുപത്രി വിട്ടു. കാറിലുണ്ടായിരുന്ന ആനന്ദ് മൂഡോയി, മനോജ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേര്‍ത്തലക്ക് സമീപം പൂച്ചാക്കലില്‍ ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.