ആലപ്പുഴ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അഭിമുഖം നടത്തുന്നുവെന്ന് ആരോപിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ താത്‌കാലിക നിയമനങ്ങള്‍ക്കായി ഇന്‍റര്‍വ്യൂ നിശ്ചയിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
മൂന്ന് തസ്തികകളിലേക്കാണ്, ആലപ്പുഴ മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ ഓഫിസിൽ അഭിമുഖം ക്രമീകരിച്ചത്. ഇതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് അഡ്വ. ടിജിന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തി ഓഫിസ് ഉപരോധിച്ചു.
ഭരണം നഷ്‌ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സിപിഎം നേതാക്കള്‍ നടത്തുന്ന കടുംവെട്ടാണ് പിന്‍വാതില്‍ നിയമനങ്ങളെന്ന് ടിജിന്‍ ജോസഫ് ആരോപിച്ചു. അധികാരം ദുരുപയോഗം ചെയ്ത് ഇഷ്‌ടക്കാരെയും പാർട്ടിക്കാരെയും എല്ലായിടങ്ങളിലും തിരുകി കയറ്റാനാണ് ഇത്തരം അഭിമുഖങ്ങള്‍. ഇന്ന് നടത്താന്‍ നിശ്‌ചയിച്ചിരുന്ന നിയമനങ്ങള്‍ക്ക് ഭരണകക്ഷിയിലെ ചില നേതാക്കള്‍ പണം കെെപ്പറ്റിയതായും അദ്ദേഹം ആരോപിച്ചു.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അഭിമുഖം നീട്ടിവച്ചു. പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷമേ ഇനി അഭിമുഖം നടത്തൂവെന്ന് ചർച്ചയിൽ ധാരണയായി. യൂത്ത് കോൺഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ അലക്‌സ്,നേതാക്കളായ കെ.നൂറുദ്ദീന്‍ കോയ, ആര്‍. അംജിത്ത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.