ആലപ്പുഴ : വള്ളികുന്നത്തെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ബിജെപി. പ്രതികളിൽ ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും ഇയാളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നും ബിജെപി ജില്ല നേതൃത്വം ആരോപിച്ചു. മൂന്നാം പ്രതി അരുൺ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും രാഷ്ട്രീയ ബന്ധത്തിന്‍റെ പേരിൽ ഇയാളെ പിടികൂടാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും ജില്ല പ്രസിഡന്‍റ് എം വി ഗോപകുമാർ പറഞ്ഞു.
പ്രതിയായ അരുണിനെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസും സിപിഎമ്മും ചേർന്ന് നടത്തുന്നത്. ഇത് വളരെ ഗൗരവുമുള്ളതാണ്. ലഹരി മാഫിയ ഉള്‍പ്പെട്ടിട്ടുള്ള ഈ കൊലപാതക കേസിന്‍റെ അന്വേഷണം രാഷ്ട്രീയ ബന്ധത്തിന്‍റെ പേരിൽ അട്ടിമറിക്കപ്പെടുന്നത് അപകടകരമാണ്.
കൂടുതല്‍ വായിക്കുക......അഭിമന്യു വധം : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
വള്ളികുന്നം കൊലപാതക കേസിലെ യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാന്‍ സർക്കാരും പൊലീസും നടപടികൾ സ്വീകരിക്കണം. കേസ് അട്ടിമറിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.