ആലപ്പുഴ: കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് എടുത്ത സാമ്പിളുകള്‍ ഭോപാലിലെ ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്‍റെ ഫലം എത്തിയതോടെയാണ് വൈറസ് സ്ഥിരീകരിച്ചത്. എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൈനകരിയില്‍ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പക്ഷികളുടെ എണ്ണം എടുക്കുന്ന നടപടികൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
700 താറാവും 1600 കോഴികളും ഉണ്ടാവാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോഴികള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്ന് പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരം കത്തിക്കുവാനുള്ള നടപടികളാവും സ്വീകരിക്കുക. ഈ മാസം ആദ്യവാരമാണ് അപ്പർ കുട്ടനാട് മേഖലകളായ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു.