ആലപ്പുഴ: പതിനൊന്ന് ദിവസം പൂര്‍ത്തിയാക്കി കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര. ഇന്ന്(18.09.2022) ആലപ്പുഴ ജില്ലയില്‍ നടത്തിയ പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനായി നൂറുകണക്കിന് ആളുകളാണ് റോഡിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത്. 'ഇവ വെറും ചിത്രങ്ങളല്ല, രാജ്യത്തെ ഓരോ പൗരന്‍റെയും വികാരങ്ങൾ, അവരുടെ പ്രതീക്ഷ, ഐക്യം, ശക്തി, സ്നേഹം തുടങ്ങിയവയാണ്', തന്നെ കാണാനെത്തിയ ജനങ്ങളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ഗാന്ധി ഫേസ്‌ബുക്കില്‍ കുറിച്ചു.
ഒരു പെൺകുട്ടി താൻ വരച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. യാത്രക്കിടെ കുട്ടനാട്ടിലെ കര്‍ഷകരുമായി കോണ്‍ഗ്രസ് എംപി സൗഹൃദ സംഭാഷണം നടത്തി. തന്നെ കാണാനായി തടിച്ചു കൂടിയ ആളുകളോട് രാഹുല്‍ ഗാന്ധി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.
'യോജിപ്പില്ലാതെ പുരോഗതിയില്ല, പുരോഗതിയില്ലാതെ തൊഴിലില്ല, തൊഴിലില്ലാതെ ഭാവിയില്ല, തൊഴിലില്ലായ്‌മയുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ നിരാശയുടെ ശബ്‌ദങ്ങളെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോയാത്ര' എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഇന്ന് രാവിലെ 6.30ന് ആരംഭിച്ച യാത്രയില്‍ രമേശ് ചെന്നിത്തല, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ 150 ദിവസം നീണ്ട ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 3,570 കിലോമീറ്റര്‍ പിന്നിട്ട് ജമ്മു കശ്‌മീരിൽ സമാപിക്കും. സെപ്റ്റംബർ 10ന് വൈകിട്ട് കേരളത്തിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്ര 450 കിലോമീറ്റർ സഞ്ചരിച്ച് 19 ദിവസങ്ങളിലായി ഏഴ് ജില്ലകളിൽ സഞ്ചരിച്ച് ഒക്ടോബർ ഒന്നിന് കർണാടകയിൽ പ്രവേശിക്കും.