ആലപ്പുഴ: ബിഡിജെഎസ് യുഡിഎഫിലേക്കില്ലെന്നും എൻഡിഎയ്ക്കൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് പിളർപ്പിന് ശേഷം ചേർത്തലയിൽ ചേര്‍ന്ന ആദ്യ സംസ്ഥാന കൗൺസിൽ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിടുന്നത് സംബന്ധിച്ചൊരു ചർച്ചയുമില്ല. എൻഡിഎയുടെ ഭാഗമായി ഉറച്ചു നിന്നു തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. സീറ്റുകൾ വെച്ച് മാറുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ ഉണ്ടാകും. പൊതുസമ്മതരായ സ്ഥാനാർഥികളെ ബിഡിജെഎസ് മത്സരിപ്പിക്കും. താൻ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി.
ബി.ഡി.ജെ.എസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി ബി.ജെ.എസ്
വിജയസാധ്യത കുറഞ്ഞ സീറ്റുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് ലഭിച്ചത്. ആ പാളിച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്‍റെ പരാജയത്തിന് കാരണമെന്നും തുഷാർ ചൂണ്ടിക്കാട്ടി. എസ്എൻഡിപി ഒരു സ്വതന്ത്ര സംഘടനയാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ നിലപാടുകൾ സംഘടന സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ പിന്തുണ ഇതുവരെ ആർക്കുമില്ലെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.