ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ഇന്ന് ചേർത്തലയിൽ നടക്കും. സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടന അധ്യക്ഷന്മാർ എന്നിവരുടെ സംയുക്ത യോഗമാണ് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്നത്. പാർട്ടി സംസ്ഥാന സമ്മേളനവും പുനഃസംഘടനയുമാണ് പ്രധാന അജണ്ടയെങ്കിലും പോഷക സംഘടനകളുടെ പ്രവർത്തനവും പുനഃസംഘടനയും യോഗത്തിൽ ചർച്ച ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നത്തിന്‍റെ ഭാഗമായാണ് യോഗം വിളിച്ചു ചേർക്കുന്നത്. ഇതിനുപുറമേ കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാർഥിയാകും എന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചയും ഇന്നത്തെ യോഗത്തിൽ നടക്കും.
കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റ് എന്ന നിലയിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് തുഷാർ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപി ആവശ്യപ്പെട്ടാൽ അരൂരിലേത് പോലെ മത്സരത്തിൽ നിന്ന് പിന്മാറി ബിജെപി സ്ഥാനാർഥിക്ക് അവസരം നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സുഭാഷ് വാസു പാർട്ടിയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിമതപക്ഷത്തെ പൂർണമായും ഒഴിവാക്കാനാണ് പുനസംഘടന നടത്തുന്നതെന്നാണ് സൂചന. ചേർത്തല എസ്എൻഡിപി യൂണിയൻ ഹാളിൽ രാവിലെ പത്തിന് തുടങ്ങുന്ന യോഗത്തിൽ ഭാരവാഹികൾ നിർബന്ധമായും പങ്കെടുക്കാനാണ് പാർട്ടി അധ്യക്ഷന്‍റെ നിർദേശം.