ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ചേർത്തലയിൽ പുതുതായി ആരംഭിച്ച ഉപജില്ല ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വരുമ്പോൾ വര്‍ഷം 250 കോടി രൂപയായിരുന്നു വായ്പയായി നൽകിയിരുന്നത്. അടുത്ത വര്‍ഷം 1000 കോടി രൂപ വായ്‌പ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
ചേർത്തല താലൂക്കിലുള്‍പ്പെടെ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് പത്ത് പുതിയ ഓഫീസുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എങ്കിലും കിഫ്ബി വഴി സംസ്ഥാനത്ത് തുടങ്ങിയ എല്ലാ വികസന പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷന്‍റെ മൈക്രോ ക്രെഡിറ്റ് വായ്‌പ വിതരണ പദ്ധതി വഴി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്‌മാര്‍ക്ക് അനുവദിച്ച ഒരുകോടി രൂപയുടെ ചെക്ക് ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.എസ് ജ്യോതിസ് മന്ത്രി എ.കെ.ബാലനില്‍ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.