ആലപ്പുഴ: മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥിയ്ക്ക് നേരെ ആക്രമണം. ബിജെപി സ്ഥാനാർഥി കെ. സഞ്ജുവിന് നേരെയാണ് ഇന്നലെ അർധരാത്രിയോടെ കയ്യേറ്റമുണ്ടായത്. പരിക്കേറ്റ സഞ്ജു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ്. ചുനക്കരയിലെ വീടിന് മുന്നിലാണ് സംഭവം. സിപിഎംകാരാണ് അക്രമത്തിന് പിന്നിലെന്ന് സഞ്ജു ആരോപിച്ചു.
സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മുൻ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ സഞ്ജു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് മാറിയത്. ആർഎസ്എസ്- സിപിഎം സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് മാവേലിക്കര. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നിരവധി സിപിഎം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയാണോ സഞ്ജുവിന് നേരെയുള്ള അക്രമം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.