ആലപ്പുഴ: കുടുംബസമേതം യാത്ര ചെയ്യാൻ നമ്മൾ എന്താണ് ചെയ്യുക?. സ്വന്തമായി കാറുള്ളവർ അത് ഉപയോഗിക്കും, അല്ലെങ്കിൽ ടാക്‌സി വിളിക്കും. എന്നാൽ, ഇങ്ങനെയൊരു യാത്രയ്‌ക്ക് സ്വന്തമായി വിമാനം നിർമിച്ച ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ?. അങ്ങനെ ഒരാളുണ്ട്, ആലപ്പുഴ സ്വദേശി അശോക് താമരാക്ഷനാണ് ആ കക്ഷി.
മെക്കാനിക്കൽ എഞ്ചിനിയറായ അശോക്, ജോലി സംബന്ധമായ ആവശ്യത്തെ തുടര്‍ന്ന് കുടുംബസമേതം ലണ്ടനിലാണ് താമസം. കൊവിഡ് കാലത്താണ് വിമാനം നിർമിക്കാനുള്ള ആശയം മനസിൽ ഉദിച്ചത്. ഇതിനായി യൂട്യൂബ്, പുസ്‌തകങ്ങള്‍ എന്നിവ വഴിയും വിദഗ്‌ധ സഹായം തേടിയും നിര്‍മാണത്തെ കുറിച്ച് വിശദമായി പഠിച്ചു. ശേഷം, ലണ്ടനിലെ വീട്ടിൽ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് താത്‌കാലിക വർക്ക്‌ഷോപ്പ് നിർമിച്ചു. ആവശ്യമായ സാധനങ്ങളും എഞ്ചിനും സംഘടിപ്പിച്ചു.
30 മാസം കൊണ്ടൊരു വിമാനം: 2019 മേയിൽ തുടങ്ങിയ വിമാന നിർമാണം 30 മാസമെടുത്ത്, ഒടുവില്‍ 2021 നവംബറിൽ പൂർത്തിയാക്കി. സ്വന്തം അധ്വാനത്തിൽ വിമാനം നിർമിക്കാൻ തീരുമാനിച്ചപ്പോൾ നേരിടേണ്ടി വന്ന കടമ്പകൾ ഏറെയായിരുന്നെന്ന് അശോക് പറയുന്നു. ബ്രിട്ടൻ സിവിൽ ഏവിയേഷനിൽ നിന്ന് നേരത്തെ തന്നെ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയതുകൊണ്ട് ആ കടമ്പ മറികടക്കാനായി. തുടർന്ന്, വിമാനത്തിന് ലൈസൻസും മറ്റും ലഭിക്കാൻ മൂന്ന് മാസത്തെ പരീക്ഷണ പറക്കൽ. അതും വിജയകരമായി പൂർത്തിയാക്കി.
2022 ഫെബ്രുവരി ഏഴിന് ആദ്യ പറക്കൽ. 20 മിനിറ്റിൽ കന്നി യാത്ര പൂർത്തിയാക്കി തിരിച്ചിറങ്ങി. ശേഷം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി മേയ് ആറിന് സ്വപ്‌ന സാക്ഷാത്‌കാരം. ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുടുംബത്തോടൊപ്പം ഇയാള്‍ യാത്ര പോയത്. ഇളയ മകൾ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണായ 'ജി' കൂടി ചേർത്തു. അങ്ങനെ 'ജി-ദിയ' എന്നാണ് ഈ വിമാനത്തിന് പേരിട്ടിരിക്കുന്നത്.
'ഇന്ത്യയിലേക്കും പറത്തണം': ആലപ്പുഴ സക്കരിയ ബസാര്‍ സ്വദേശിയായ മുൻ എം.എൽ.എ പ്രൊഫ. എ.വി താമരാക്ഷന്‍റെയും ഡോ. സുമലതയുടെയും മകനാണ്. ഇപ്പോൾ ആലപ്പുഴയിലെ വീട്ടിലുള്ള അശോകിന്, ഭാര്യ അഭിലാഷയ്‌ക്കും മക്കളായ താരയ്‌ക്കും ദിയയ്‌ക്കുമൊപ്പം ലണ്ടനിലേക്കും തിരിച്ച് ഇന്ത്യയിലേക്കും സ്വന്തം വിമാനത്തില്‍ പറക്കണമെന്നാണ് ആഗ്രഹം.