ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ നിയമസഭാ മണ്ഡലത്തിൽ മത്സരം മുറുകുന്നു. ചുവരെഴുത്തുകളും പോസ്റ്ററുകളും അനൗൺസ്മെന്‍റുമായി പ്രചാരണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ.
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ ഇന്ന് പെരുമ്പളം പഞ്ചായത്തിലാണ് പ്രചാരണത്തിനിറങ്ങിയത്. എം.എൽ.എ ആയിരുന്ന അഡ്വ. എ.എം ആരിഫ് മണ്ഡലത്തിൽ നടത്തിവന്നിരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് മനു വോട്ടഭ്യർത്ഥിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അരൂർ മണ്ഡലത്തിലുൾപ്പടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ ജനക്ഷേമ - വികസന പ്രവർത്തനങ്ങൾ ജനങ്ങലിലേക്ക് എത്തിക്കാൻ മനു ശ്രമിക്കുന്നുണ്ട്. പരമാവധി വോട്ടർമാരെ നേരിൽ കണ്ടാണ് മനു വോട്ടഭ്യർത്തിക്കുന്നത്. സ്ഥാനാർഥിക്ക് എത്തിച്ചേരാൻ താൻ കഴിയാത്ത സ്ഥലങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകരും സജീവമായിത്തന്നെ പ്രചാരണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ സെമിനാറുകളിലും കുടുംബയോഗങ്ങളിലും നേരിട്ടെത്തി എൽ.ഡി.എഫ് സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാൻ വടുതല, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലാണ് പ്രചാരണത്തിനിറങ്ങിയത്. ആളുകളെ നേരിൽ കണ്ടും കടകൾ കയറിയും വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഷാനിമോൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ ഭൂരിപക്ഷം നേടാനായത്തിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ കെ.സി വേണുഗോപാൽ, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം സുധീരൻ, മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഷാനിമോളുടെ പ്രചാരണത്തിനായി മണ്ഡലത്തിൽ സജീവമാണ്. മന്ത്രി ജി സുധാകരൻ വിവാദ പരാമർശവും പി.ഡബ്ല്യു.ഡി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കേസെടുത്തതും ശബരിമല വിഷയവും മുഖ്യ പ്രചാരണ വിഷയങ്ങളായി ഷാനിമോൾ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നുണ്ട്.
ബി.ഡി.ജെ.എസ് വച്ച് ഒഴിഞ്ഞ സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി എൻ.ഡി.എ ഘടകകക്ഷികളെ ഒപ്പംനിർത്തി പരമാവധി വോട്ട് സമാഹരിക്കാനുള്ള പ്രവർത്തനത്തിലാണ്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബുവിനെ തന്നെ മത്സര രംഗത്ത് എത്തിച്ച് കരുത്ത് തെളിയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും വോട്ടാക്കി പെട്ടിയിൽ ആക്കാമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശ്വാസികൾക്കുണ്ടായ മുറിവ് ഈ തെരഞ്ഞെടുപ്പിലും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയും ബിജെപി പങ്കുവെക്കുന്നു. വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാരെകൂടി പ്രചരണത്തിന് എത്തിച്ച് രംഗം കൊഴുപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് ബി.ജെ.പി പാളയം. വോട്ടെടുപ്പ് ദിനം അടുക്കുംതോറും തെരഞ്ഞെടുപ്പ് ചൂട് കൂടുമെന്ന കണക്കുകൂട്ടലിലാണ് അരൂരുകാരും.