ആലപ്പുഴ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സെന്‍റ് സെബാസ്റ്റ്യൻസ് എൽ പി സ്‌കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് പിറ്റിഎ മീറ്റിംഗിനോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തിയത്.
മൂന്നും നാലും ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും അവ വർജ്ജിക്കേണ്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് നൽകിയത്. മാതാപിതാക്കൾക്ക് ഉള്ള സമ്മാനമായി കുട്ടികൾ ഭാവിയിൽ തങ്ങൾ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ എഴുതി നൽകി. സ്‌കൂൾ ഓഫ് ലൈഫ് സ്‌കിൽസ് ഡയറക്ടറും കൗൺസിലറുമായ പിഎം ഷാജിയാണ് ക്ലാസ് നയിച്ചത്. സിവിൽ എക്‌സൈസ് ഓഫീസർ എം ശ്രീകുമാർ മാതാപിതാക്കൾ കുടുബത്തിൽ ലഹരി ഉപയോഗിച്ച് വന്നാൽ കുട്ടികൾക്ക് ഉണ്ടാവുന്ന മാനസികബുദ്ധിമുട്ടുകളെപ്പറ്റിയും വിശദീകരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളുമായി നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.