ആലപ്പുഴ: അമ്പലപ്പുഴ തോടിന്‍റെ പൂകൈതയാറുമുതൽ കരുമാടി ടിഎസ് കനാൽ വരെ പുനരുദ്ധരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വർഷങ്ങളായി മലിനമായി കിടന്ന പ്രദേശമാണ് വിവിധ പദ്ധതികളിലൂടെ നവീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലെ കാപ്പിത്തോട് കിഫ്‌ബി വഴി 21 കോടി രൂപ മുടക്കി നവീകരിക്കും. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു.
1.71 കോടി മുതൽമുടക്കിലാണ് അമ്പലപ്പുഴ തോട് നവീകരണം. നീരൊഴുക്ക് തടസപ്പെട്ടു കിടന്ന ജലപാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന അനുബന്ധ കനാലുകളുടെ നവീകരണ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പണം കണ്ടെത്തിയത്. വർഷങ്ങളായി പോള നിറഞ്ഞു എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയാണ് കനാലുകളിലെ നീരൊഴുക്ക് കുറഞ്ഞത്. മേജർ ഇറിഗേഷൻ ആലപ്പുഴ ഡിവിഷൻ മുഖാന്തിരം മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ സമീപത്തുള്ള വീടുകളിലെയും റോഡുകളുടേയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടത്തിൽ 64.2 ലക്ഷം രൂപ മുടക്കിൽ 1.50 കിലോമീറ്റിലും രണ്ടാം ഘട്ടത്തിൽ 96 ലക്ഷം രൂപ മുടക്കിൽ 2.60 കിലോമീറ്ററിലും സംരക്ഷണഭിത്തി ബലപ്പെടുത്തി പോളയും എക്കലും ചെളിയും നീക്കം ചെയ്യും. മൂന്നാം ഘട്ടത്തിൽ 10.80 ലക്ഷം രൂപ മുടക്കി അമ്പലപ്പുഴ തോടിന്‍റെ പഴയ ബോട്ട് ജെട്ടി ഉൾപ്പെടുന്ന ഭാഗത്ത് ആഴം കുട്ടി സംരക്ഷണ ഭിത്തിയും കടവും നിർമ്മിക്കും.