ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി ജി സുധാകരനെതിരെയുള്ള പരാതി, പരാതിക്കാരി പിൻവലിച്ചതായി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാട്ടി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് മുൻ അംഗത്തിന്‍റെ ഭാര്യയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമായ വനിതാ നേതാവാണ് മന്ത്രിക്കെതിരെ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരിയുടെ ഭർത്താവിനോട് പാർട്ടി വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് പരാതി പിൻവലിച്ചതായി പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം സ്റ്റേഷനിൽ എത്തി പരാതിക്കാരി പരാതി എഴുതി നല്കി പോയതല്ലാതെ പിന്നീട് സ്റ്റേഷനിൽ ബന്ധപ്പെടുകയോ തുടർനടപടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരിക്ക് പരാതിയില്ലെന്ന് വാക്കാൽ അറിയിച്ചത് കൊണ്ട് കേസ് എടുത്തിട്ടില്ലെന്നും അമ്പലപ്പുഴ സിഐ പറയുന്നു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. പേഴ്സണൽ സ്റ്റാഫിനെയോ ഭാര്യയെയോ താൻ അപമാനിച്ചിട്ടില്ല. പരാതിക്കാരെ എന്നല്ല ഒരാളെയും താൻ അപമാനിച്ചിട്ടില്ല. ഇതൊരു ഗ്യാങാണ്. അതിൽ പല പാർട്ടികളിൽ ഉള്ളവരുണ്ട്. തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയ്ക്ക് വേണ്ടി ഭംഗിയായി വികസനം നടത്തി. തനിക്കെതിരെ ഒരു സാമ്പത്തികാരോപണം പോലും ഇല്ല.
തന്‍റെ കുടുംബത്തിന് നല്ല ഇടതുപക്ഷബോധമുള്ളവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പരാതി അടിസ്ഥാനരഹിതമാണ്. വാർത്താ സമ്മേളനത്തിൽ പറഞ്ഞ പൊളിറ്റിക്കൽ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും മന്ത്രി ജി സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു