ആലപ്പുഴ: ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരും പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
കേരളത്തിന് അഭിമാനം നല്‍കുന്ന പദ്ധതിയാണ് പൂർത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.
ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപ്പാതയാണ്. മേല്‍പ്പാലം മാത്രം 3.2 കിലോമീറ്ററാണ്. 1990ലാണ് ബൊപ്പാസ് നിർമാണം ആരംഭിച്ചത്. പിന്നീട് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.