ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരവുമായി സര്‍ക്കാര്‍. സ്ഥിരമായി പൈപ്പുകള്‍ പൊട്ടുന്ന ഒന്നരകിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകള്‍ പൂര്‍ണമായി മാറ്റാന്‍ തീരുമാനമായി. കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വതപരിഹാരം കാണാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒന്നരവര്‍ഷത്തിനിടെ 44 തവണ പൊട്ടിയ ഒന്നര കിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകളാണ് മാറ്റുന്നത്.
മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രധാന പാതയിലൂടെ തന്നെയാകും പദ്ധതിയുടെ നിർമാണം നടക്കുക. റോഡിന് പരമാവധി ദോഷകരമല്ലാത്ത രീതിയിലായിരിക്കും ജലഅതോറിറ്റി നിർമാണം നടത്തുക. പണിക്കുശേഷം റോഡിന്റെ അറ്റകുറ്റപണിക്കുള്ള ചെലവും അതോറിറ്റി വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കുടിവെളള പൈപ്പ് പൊട്ടാന്‍ കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകളാണെന്ന് ജലവിഭവ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈപ്പ് മാറ്റാന്‍ തീരുമാനിച്ചത്. കുടിവെള്ള പ്രശ്‌നമുണ്ടായി പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.