ആലപ്പുഴ : ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് സേനയുടെയോ ഇന്‍റലിജൻസിന്‍റെയോ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് ഐജി ഹർഷിത അട്ടല്ലൂരി. മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ആദ്യ കൊലപാതകം സംഭവിച്ചപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിൽ കനത്ത സുരക്ഷയും നിരീക്ഷണവും പരിശോധനയും പൊലീസ് ശക്തമാക്കിയിരുന്നു. എന്നിട്ടും ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഓരോ വീട്ടിലും സുരക്ഷ നൽകാൻ കഴിയില്ലെങ്കിലും പരമാവധി ജാഗ്രത പുലർത്തിയിരുന്നതായും ഐജി വ്യക്തമാക്കി.
Also Read: ആലപ്പുഴയിലെ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം
ഡിഐജി ഉൾപ്പടെയുള്ളവർ അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് മേൽ സമ്മർദം ചെലുത്തരുത്. അത്തരത്തിലുള്ള സമ്മർദങ്ങള്‍ അന്വേഷണത്തെ കാര്യമായി ബാധിക്കും. പ്രതിസ്ഥാനത്തുള്ളത് എത്ര വലിയ ഉന്നതരോ സാധാരണ പ്രവർത്തകരോ, ആരായാലും അവരെ കൃത്യമായി കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഐജി വ്യക്തമാക്കി.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി 50 പേരെ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും ഐജി ഹർഷിത അട്ടല്ലൂരി വെളിപ്പെടുത്തി.