ആലപ്പുഴ: കായലുകളിലും ജലാശയങ്ങളിലും ദുരിതം വിതയ്ക്കുന്ന കുളവാഴ അഥവാ പോളപ്പായലിൽ നിന്ന് ഇനി പാചക വാതകം നിർമിക്കാം. ഉപയോഗശൂന്യമായ പായലിൽ നിന്ന് പാചകവാതകം ഉൽപാദിപ്പിക്കുന്ന 'പായൽ ജ്വാല' പദ്ധതി ചേർത്തലയിൽ ആരംഭിച്ചു. തണ്ണീർമുക്കം സുദർശനയിൽ അനുരൂപ്, ചേർത്തല കാഞ്ഞിരത്തിങ്കൽ വിനോദ് എന്നിവർ ചേർന്ന് ആലപ്പുഴ എസ്.ഡി കോളജിലെ ജലവിഭവ പഠനകേന്ദ്രം മേധാവി ഡോ. ജി. നഗേന്ദ്ര പ്രഭുവിന്‍റെ സഹകരത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
കുളവാഴയിലും പാചകവാതകം
ബയോഗ്യാസ് പ്ലാന്‍റിന്‍റെ പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ആരംഭിച്ച ഫ്ലോട്ടിങ് കൃഷിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കൂടാതെ പോളപ്പായൽ ഉപയോഗിച്ചുള്ള വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും ചേർത്തലയിൽ നടന്നു. ഉപയോഗശൂന്യമെന്ന് കരുതുന്ന കുളവാഴയ്ക്ക് അനന്ത സാധ്യതകളുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രദർശനമെന്ന് ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം മന്ത്രി പി. പ്രസാദ് പ്രതികരിച്ചു.
ഇന്ധനവില വർധനവിന് ആശ്വാസമായേക്കും
ഇന്ധന വിലവർധനവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് പോളപ്പായലിൽ നിന്ന് പാചക വാതകം ഉൽപാദിപ്പിക്കുന്ന പായൽ ജ്വാല പദ്ധതി വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്നുവെന്നാണ് അനുരൂപിന്‍റെയും വിനോദിന്‍റെയും പ്രതികരണം. രണ്ട് കിലോ പോളപ്പായലിൽ നിന്ന് രണ്ടര മണിക്കൂർ ഉപയോഗിക്കാനുള്ള പാചകവാതകം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു.
ALSO READ: കോന്നിയുടെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടായി ആനപരിപാലന കേന്ദ്രം
മാത്രമല്ല പോളപ്പായലിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ധന വിലവർധനവിന്‍റെ കാലത്ത് ഇതുപോലുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ സമൂഹവും സർക്കാരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവർ ഓർമപ്പെടുത്തുന്നു. ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, കൗൺസിലർ രാജലക്ഷ്‌മി, ഡോ. നാഗേന്ദ്ര പ്രഭു, അനൂപ് കുമാർ, യുവകർഷകരായ സുജിത്, സാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.