ആലപ്പുഴ: റെയില്‍വേയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ സഹകരണം ഉണ്ടായാല്‍ ആലപ്പുഴ ബൈപ്പാസ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ശവക്കോട്ടപ്പാലത്തിന് വീതി കൂട്ടുന്നതിന്‍റെയും കൊമ്മാടി പാലം പുന:ര്‍ നിര്‍മിക്കുന്നതിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 28.45 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. റെയില്‍വേ മേല്‍പ്പാലത്തിന്‍റെ 98 ശതമാനവും പൂര്‍ത്തിയായിട്ട് ഒന്നര വര്‍ഷമായതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഞ്ച് ഗര്‍ഡര്‍ അടങ്ങുന്ന ഒരു റെയില്‍വേ ഓവർ ബ്രിഡ്ജ് പൂര്‍ത്തിയായിക്കഴിഞ്ഞു. അതിന്റെ പരിശോധനയും കഴിഞ്ഞു. അഞ്ച് ഗര്‍ഡര്‍ അടങ്ങുന്ന രണ്ടാമത്തെ റെയില്‍വേ ഓവര്‍ബ്രിഡ്‌ജിന്‍റെ ബോള്‍ട്ടുകള്‍ വ്യാസം കൂട്ടി നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അപ്രോച്ച് റോഡുകളുടെ ഇരുവശവും സംരക്ഷിക്കുന്ന സംവിധാനം ഉടന്‍ കരാറുകാരന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കിഫ്ബിയില്‍ നിന്ന് 45,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതുകൂടാതെ 40000 ലോഡ് ചെളി നീക്കിയാലെ ആലപ്പുഴയിലെ കനാല്‍ വൃത്തിയാക്കാന്‍ കഴിയൂ. എളുപ്പമുള്ള ജോലിയല്ല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. എ.എസ് കനാലിലെ മുഴുവന്‍ ചളിയും മാറ്റുമ്പോള്‍ പായല്‍ വീണ്ടും വരുന്നത് തടയാന്‍ കഴിയും. കിഫ്ബി വഴി ഇതിനും പണം നല്‍കുകയാണെന്നും ധനമന്ത്രി പറഞ്ഞു.