ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് 1,896 ഹെക്‌ടറിലായി 24.34 കോടി രൂപയുടെ കൃഷി നശിച്ചു. നെല്‍കൃഷിയാണ് ഏറ്റവുമധികം നശിച്ചത്. 1,366 ഹെക്‌ടറിലായി 18.90 കോടിയുടെ നെല്‍കൃഷി നശിച്ചെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് തുടങ്ങിയതിനാല്‍ ഇനിയും ഹെക്‌ടര്‍ കണക്കിന് കൃഷി നശിക്കാന്‍ സാധ്യതയുണ്ട്. ഏഴ് പാടങ്ങളിലായി 507 ഹെക്‌ടര്‍ പ്രദേശത്ത് മടവീഴ്‌ചയുണ്ടായി. 1046.66 ഹെക്‌ടര്‍ പാടത്ത് വെള്ളം കയറി. ഇവിടങ്ങളില്‍ ബണ്ട്, മോട്ടോര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചതിലൂടെ മാത്രം 97 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ 108 ഹെക്‌ടറിലെ പച്ചക്കറി കൃഷി നശിച്ചു. 70.96 ലക്ഷം രൂപയാണ് നഷ്ടം. വാഴ ഉൾപ്പെടെയുള്ള 108 ഹെക്ടറിലെ 3.74 കോടി രൂപയുടെ വിളനശിച്ചു. 53 തെങ്ങ് കടപുഴകി. 2.3 ലക്ഷത്തിന്‍റെ നഷ്ടം കണക്കാക്കുന്നു.
കുട്ടനാട്ടിലെ കൈനകരി, മുട്ടാർ, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, രാമങ്കരി, വെളിയനാട് പഞ്ചായത്തുകളിൽ വെള്ളപ്പൊക്കദുരിതം തുടരുകയാണ്. രണ്ടാം കൃഷിയിറക്കിയ മണപ്പള്ളി, വേണാട്ടുകാട്, വലിയകരി, മാടത്താനിക്കരി, ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ഏഴുകാട്, മൂല പൊങ്ങമ്പ്ര, നാട്ടായം, വലിയതുരുത്ത്, വാവക്കാട്, പഴൂർപാടം എന്നിവിടങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു. മൂല പൊങ്ങമ്പ്ര പാടത്ത് വെള്ളം നിറയുന്നതോടെ എംസി റോഡിൽ മങ്കൊമ്പ് പാലത്തിന് കിഴക്ക് ഭാഗവും കുട്ടനാട് സിവിൽ സ്‌റ്റേഷനും വെള്ളക്കെട്ടിലാകും. കൈനകരി കൃഷിഭവന് കീഴിലുളള വലിയ കരി പാടശേഖരത്തിൽ മടവീഴ്‌ചയുണ്ടായിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ മടവീഴ്‌ച തടയുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.