ആലപ്പുഴ: മന്ത്രി ജി. സുധാകരന്‍ തനിക്കെതിരെ നടത്തിയ 'പൂതന' പരാമര്‍ശം ഖേദകരമെന്ന് അഡ്വ. ഷാനിമോള്‍ ഉസ്‌മാന്‍. കെ.എസ്.യുവിലൂടെ താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്ന ഒരാളാണ് താൻ. തന്റെ ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തിന് ഇടയില്‍ കേൾക്കേണ്ടിവന്ന ഏറ്റവും ഖേദകരമായ പ്രസ്താവനയാണ് മന്ത്രി ജി. സുധാകരൻ നടത്തിയതെന്നും ഷാനിമോൾ പറഞ്ഞു.
അരൂർ ഉപതെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ആളുകളുടെയും വോട്ട് സ്വീകരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. നേതാക്കൾക്ക് അവരുടേതായ അഭിപ്രായമുണ്ട്. അത് നേതൃത്വം വ്യക്തമാക്കും. സമുദായത്തിന്‍റെ പേരിൽ സമൂഹത്തെ വിഘടിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അംഗമല്ല താനെന്നും എല്ലാ സമുദായങ്ങളുടെയും വോട്ട് താൻ അഭ്യർത്ഥിക്കുന്നുവെന്നും ഷാനിമോൾ വ്യക്തമാക്കി.